ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി മുതലയായ കോഴ്സുകൾ പഠിക്കുന്ന പട്ടികജാതി – പട്ടികവർഗ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭ്യമാകുന്നു. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും പുതുതലമുറ കോഴ്സുകളിലുമടക്കം സ്കോളർഷിപ്പ് ഏർപ്പെടുത്തി വിദ്യാഭ്യാസ ആനുകൂല്യ മാനദണ്ഡങ്ങൾ സമഗ്രമായി പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി.
ഐഐടി, ഐ എം എം കൽപ്പിത സർവകലാശാല വിദ്യാർത്ഥികൾക്കും ഇനി മുതൽ സ്കോളർഷിപ്പ് ലഭിക്കും. ഇതിനു പുറമെ ഫീസുകൾ മുൻകൂട്ടി അടയ്ക്കാതെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന ഫ്രീഷിപ്പ് കാർഡുകളും ഏർപ്പെടുത്തും. സ്കോളർഷിപ്പിന് അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഫ്രീഷിപ്പ് കാർഡ് നൽകും.
കാർഡിനായി ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ജാതി – വരുമാന -വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഫോട്ടോയും സമർപ്പിക്കണം. കാർഡിനുള്ള അപേക്ഷ സ്വീകരിക്കാൻ നടപടികൾ തുടങ്ങി. 2009ലാണ് ഇതിനുമുമ്പ് വിദ്യാഭ്യാസാനുകൂല്യങ്ങൾ സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുള്ളത്. 14 വർഷത്തെ അനുഭവങ്ങളും മറ്റും കണക്കിലെടുത്താണ് പുതിയ ഉത്തരവ് ഇറക്കിയത്. പട്ടികജാതി – വർഗ വിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ കാര്യത്തിൽ മാഗ്നാകാർട്ടയായി ഈ ഉത്തരവ് മാറും. സർക്കാർ അംഗീകരിച്ച സ്വകാര്യ സർവകലാശാലകളിലും വൊക്കേഷണൽ ട്രെയിനിങ്ങ് സ്ഥാപനങ്ങളിലും മെറിറ്റിലും റിസർവേഷനിലും പ്രവേശനം നേടുന്നവർക്കും സ്കോളർഷിപ്പ് ലഭിക്കും.
ഒരു കോഴ്സിന് ഒരിക്കൽ മാത്രം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. വിദ്യാർത്ഥികൾക്ക് ആധാർ ബന്ധിത അക്കൗണ്ട് ഉണ്ടായിരിക്കണം. സംസ്ഥാനത്തിന് പുറത്തുള്ള പഠനത്തിന് മെറിറ്റ്-റിസർവേഷൻ അടിസ്ഥാനത്തിൽ പ്രവേശനം നേടിയവർക്കാകും സ്കോളർഷിപ്പിന് അർഹത. വിദൂര-ഓൺലൈൻ-പാർട് ടൈം- ഈവനിങ് കോഴ്സുകൾ പഠിക്കുന്നവർക്കും ട്യൂഷൻ-പരീക്ഷാ-സ്പെഷ്യൽ ഫീസുകൾ ലഭിക്കും.
ഒരു അക്കാദമിക് വർഷം ഒരു കോഴ്സിന് മാത്രമേ സ്കോളർഷിപ്പ് ലഭിക്കൂ. സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ലപ്സം ഗ്രാന്റ്, സ്റ്റൈപ്പന്റ്, പോക്കറ്റ് മണി എന്നിവ സ്റ്റേറ്റ് അക്കാദമിക് അലവൻസ് എന്ന പേരിൽ ഒറ്റത്തവണയായി ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന നൽകും. ഡേ സ്കോളർ, ഹോസ്റ്റലർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ മാ ത്രമായി വിദ്യാർത്ഥികളെ തരം തിരിക്കും.
സംസ്ഥാന സർക്കാർ
അനുവദിക്കുന്ന വിദ്യാഭ്യാസാനുകൂല്യം പ്രയോജനപ്പെടുത്തി സമൂഹത്തിൽ കൂടുതൽ ഉന്നതിയിലേക്ക് പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ മാത്രമേ പിന്നാക്കം പോയ ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാനാകൂ – സർക്കാർ ഒരുക്കുന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരു ജനതയുടെ സ്വപ്നം സഫലമാക്കുന്നു.