പട്ടികവർഗ വികസന വകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് വിദ്യാർഥികൾക്കായി ചലച്ചിത്ര പഠന പദ്ധതി നടപ്പാക്കുന്നു. പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള 20 മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 150 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.
സിനിമയുടെ കലാപരവും തൊഴിൽപരവുമായ സാധ്യതകൾ പരിചയപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പട്ടിക വർഗ വികസന കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ക്രിയേറ്റീവ്-കണ്ടന്റ് മേഖലയിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുകയും യുവ കലാകാരന്മാർക്ക് വഴികാട്ടിക്കൊടുക്കലുമാണ് ലക്ഷ്യം. അക്കാദമിയുടെ നൂതനമായ ഈ പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങൾ പട്ടികവർഗ വികസന വകുപ്പ് നൽകും. വിദ്യാർത്ഥികളെ പരിശീലനത്തിന് തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.