ശബരിമല മാസ്റ്റർപ്ലാനിൽ വിഭാവനം ചെയ്ത പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന് ശബരിമല വികസന അതോറിറ്റിക്ക് രൂപം നൽകും.
വെർച്വൽ ക്യൂ ബുക്കിംഗ് സമയത്തു തന്നെ നെയ്യഭിഷേകം ആഗ്രഹിക്കുന്നുണ്ടോ എന്ന വിവരം രേഖപ്പെടുത്താൻ അവസരം നൽകി നെയ്യഭിഷേകം ആഗ്രഹിക്കുന്നവർക്ക് പുലർച്ചെയുള്ള സ്ലോട്ടുകൾ അനുവദിക്കും.
പമ്പ മുതൽ സന്നിധാനം വരെയുള്ള വിവിധ കേന്ദ്രങ്ങളിലും പതിനെട്ടാം പടി, ശ്രീകോവിലിനു മുൻവശം മുതലായ സ്ഥലങ്ങളിലും ആർ.എഫ്.ഐ.ഡി സ്കാനറുകളും മറ്റും സ്ഥാപിക്കും.
തീർത്ഥാടകർ വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ മൊബൈൽ നമ്പരിലേക്ക് ഇടത്താവളങ്ങളെക്കുറിച്ചും തീർത്ഥാടനത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും മെസ്സേജായി ലഭ്യമാകും. കാനനപാത തുറന്നുകൊടുക്കും.
വെർച്വൽ ക്യൂ ബുക്കിംഗ് മുതൽ പ്രസാദ വിതരണം വരെയുള്ള മുഴുവൻ കാര്യങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന് സമഗ്രമായ സോഫ്റ്റ്വെയർ നിർമ്മിക്കും. ആർ.എഫ്.ഐ.ഡി സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന ക്യൂ.ആർ കോഡ് അടങ്ങിയ പാസ് അനുവദിക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ക്യൂ.ആർ കോഡ് ഓട്ടോമാറ്റിക്കായി സ്കാൻ ചെയ്യുന്ന സംവിധാനം ഒരുക്കും. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തി.
മണിക്കൂറുകളോളം ക്യൂവിൽ നിന്ന് വരുന്ന ഓരോ ഭക്തനും സുഗമമായ ദർശനം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് തന്ത്രിയുമായി കൂടിയാലോചിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
സംഭാവനകൾക്കായി ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തും. പണമിടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റും. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശനത്തിന് ബുക്ക് ചെയ്യുമ്പോൾ മുൻകൂട്ടി പണമടച്ച് കൂപ്പൺ ഡൗൺലോഡ് ചെയ്യാനുള്ള ക്രമീകരണം ഏർപ്പെടുത്തും.
സന്നിധാനത്തും പരിസരത്തും വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ സംവിധാനം ഒരുക്കും. തീർത്ഥാടകർ സഞ്ചരിക്കുന്ന ഭാഗങ്ങളിൽ അപകടാവസ്ഥയിലുള്ള കോൺക്രീറ്റ് കമ്പികൾ മാറ്റി സ്ഥാപിക്കണം.
നിലയ്ക്കൽ, പമ്പ, സന്നിധാനം തുടങ്ങിയ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ, ടോയിലറ്റ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ പണത്തിനുപകരം ഉപയോഗിക്കാവുന്ന ശബരിമല സ്പെഷ്യൽ ഡെബിറ്റ് കാർഡുകൾ ഭക്തർക്ക് ലഭ്യമാക്കാൻ ബന്ധപ്പെട്ട ബാങ്കുകളുമായി ആലോചിക്കണം.
മൊബൈൽ ഫോൺ ഉപയോഗിച്ച് ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് യു.പി.ഐ സംവിധാനത്തിലൂടെ പണമടയ്ക്കാൻ ഇ-ഹുണ്ടിക സൗകര്യം ഏർപ്പെടുത്തും.
ടോയ്ലറ്റ് കോംപ്ലക്സിലെ യൂസർ ഫീ, പാർക്കിംഗ് ഫീ മുതലായവ ഈടാക്കാൻ ഓൺലൈൻ പേമെന്റ് സംവിധാനം ഏർപ്പാടാക്കും. സന്നിധാനത്തെ വെടിവഴിപാട്, കൊപ്ര ശേഖരിക്കൽ മുതലായ എല്ലാ ഇടപാടുകളും ഇ-ടെണ്ടർ നടപടികളിലൂടെ പൂർത്തീകരിക്കണം.
ഡോളിയുടെ നിരക്ക്, കൗണ്ടറുകൾ എന്നിവ സംബന്ധിച്ച് വിവിധ ഭാഷകളിലുള്ള ബോർഡുകൾ പമ്പയുടെ പരിസരത്ത് സ്ഥാപിക്കണം. ഡോളിഫീസ് പ്രീപെയ്ഡ് ആക്കുന്നത് പരിഗണിക്കും. തീർത്ഥാടന കാലത്ത് വിജിലൻസ് ആന്റ് ആന്റീ കറക്ഷൻ ബ്യൂറോയുടെ സേനാംഗങ്ങളെ സന്നിധാനം, പമ്പ, നിലക്കൽ, എരുമേലി എന്നിവിടങ്ങളിൽ വിന്യസിക്കണം.
തമിഴ്നാട്, കർണ്ണാടകം, ആന്ധ്ര, തെലുങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നിലക്കലിൽ ഗസ്റ്റ് ഹൗസുകൾ സ്ഥാപിക്കുന്നതിന് സ്ഥലം വിട്ട് നൽകുന്ന കാര്യം ഗൗരവമായി ആലോചിക്കും. ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ നിലവിലുള്ള സ്റ്റേ ഒഴിവാക്കാൻ അഡ്വക്കേറ്റ് ജനറലുമായി ആലോചിക്കും.
പമ്പ, നിലക്കൽ, എരുമേലി തുടങ്ങിയ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ സ്ഥിരമായി ഒരുക്കുന്നതിന് നടപടിയെടുക്കും. പത്തനംതിട്ടയിലും സമീപ ജില്ലകളിലും ഇടത്താവളമായി ഉപയോഗിക്കാവുന്ന പരമാവധി സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ഇവ സംബന്ധിച്ചുള്ള വിവരങ്ങൾ വെർച്വൽ ക്യൂ ബുക്കിംഗിന് രജിസ്റ്റർ ചെയ്യുന്ന മൊബൈൽ ഫോണിലേക്ക് എസ്.എം.എസ് ആയി ലഭ്യമാക്കണം.
പമ്പാനദിയിലെ കോളിഫോം ബാക്ടീരിയ ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ കൃത്യമായ ഉറവിടം കണ്ടെത്തി തടയുന്നതിന് പരിശോധനകൾ നടത്തണം.