കെ ഫോൺ: ഡിജിറ്റൽ സമത്വത്തിലേക്ക് നവകേരള മുന്നേറ്റം
ഇന്റർനെറ്റ് പൗരാവകാശമാക്കി വിജ്ഞാനസമ്പദ് വ്യവസ്ഥയിലേക്ക് ചുവടുവെച്ച് കേരളം. സമഗ്ര സാമൂഹ്യ മുന്നേറ്റത്തിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ ബൃഹദ് പദ്ധതിയായ കെ-ഫോൺ യാഥാർഥ്യമായി. ഇതോടെ സ്വന്തമായി ഇന്റർനെറ്റ് സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം. ഡിജിറ്റൽ സമത്വത്തിലേക്കുള്ള ചുവടുവെയ്പും ‘ആഗോള കേരള’ത്തിനുള്ള അടിത്തറയുമാണ് കെ -ഫോൺ പദ്ധതി.
സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും, 30,000ത്തോളം ഓഫീസുകളിലും ലഭ്യമാക്കും. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക മുന്നേറ്റത്തിന് ഉതകുന്ന കെ-ഫോൺ പദ്ധതി ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ ആവശ്യമേഖകളിൽ ഗ്രാമ നഗരവ്യത്യാസങ്ങളില്ലാതെ സേവനം ലഭ്യമാക്കുമെന്നു മാത്രമല്ല ഇ-ഗവേൺസിന്റെ നേട്ടങ്ങൾ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളിൽ എത്തിക്കുന്നതിന് സഹായകമാവും.
പദ്ധതിയുടെ 1-ാം ഘട്ടത്തിൽ വിഭാവനം ചെയ്തിട്ടുള്ള 30,000 സർക്കാർ ഓഫീസുകളിൽ 26,542 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ നൽകുന്നതിനുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചു. ഇവയെ നെറ്റ്വർക്ക് ഓപ്പറേറ്റിംഗ് സെന്ററുമായി (NOC) ബന്ധിപ്പിക്കുന്ന ജോലികളും അവസാനഘട്ട ടെസ്റ്റിംഗ് പ്രവർത്തനങ്ങളും പൂർത്തിയായി. നിലവിൽ 17,284 സർക്കാർ ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. 140 നിയോജക മണ്ഡലങ്ങളിലേയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീതം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽകുന്നതിന് വേണ്ടിയുള്ള നടപടികൾ പൂർത്തിയാക്കി.നിലവിൽ 997 വീടുകളിൽ കെ-ഫോൺ സേവനം ലഭ്യമാക്കി.
സർക്കാർ ഓഫീസുകൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കും, കെ-ഫോൺ സേവനം സൗജന്യമാണ്. ഓരോ മണ്ഡലത്തിലെയും നൂറു വീതം വീടുകളാണ് ഇതിനായി തിരഞ്ഞെടുത്തത്. പൊതുജനങ്ങൾക്കായി 2000 ഫ്രീ വൈ ഫൈ സ്പോട്ടും , സർക്കാർ ഓഫീസിലെത്തുന്നവർക്ക് മിതമായ നിരക്കിലുള്ള വൈ ഫൈ നെറ്റുവർക്കും സജ്ജമാക്കും.ഏകദേശം 14000 റേഷൻ കട, 2000 സപ്ലൈകോ ഔട്ട്ലെറ്റ്, കേരളബാങ്ക് എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കണക്ഷൻ എത്തിക്കും. ഭൂമിശാസ്ത്രപരമായ തടസങ്ങളെയെല്ലാം തരണം ചെയ്ത് കേരളത്തിന്റെ മലയോര മേഖലകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വയനാട്ടിൽ ആയിരത്തിലധികം കിലോമീറ്റർ കേബിൾ വലിച്ചാണ് ഓഫീസുകളും സ്കൂളുകളും ഉൾപ്പെടെ എഴുനൂറോളം കേന്ദ്രങ്ങളിൽ കണക്ഷൻ ലഭ്യമാക്കിയത്.
selfcare.kfon.co.in -ലൂടെ വിവിധ ഡിപ്പാർട്ടുമെന്റുകളിലെ ബന്ധപ്പെട്ട ഓഫീസുകൾ കെ-ഫോൺ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും പുതിയതായി ഉൾപ്പെടുത്തുന്നതിനും സാധിക്കും. 7594049980, 04842911970 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെട്ടും കേരളത്തിലെ സർക്കാർ ഓഫീസുകൾക്ക് പദ്ധതിയുടെ ഭാഗമാകാം. ഓഫീസുകളിൽ ഇന്റർനെറ്റ് ലഭ്യമാകുന്നതോടെ സേവനങ്ങൾ പേപ്പർരഹിതവും വേഗത്തിലും ലഭ്യമാകും.
ഇ-കൊമേഴ്സ് സൗകര്യങ്ങൾ വഴി വിപണനം നടത്താൻ സ്റ്റാർട്ടപ്പുകൾക്കും ഗ്രാമങ്ങളിലെ സംരംഭകർക്കും കെ-ഫോൺ നെറ്റ്വർക്ക് ലഭ്യമാകുന്നതോട് കൂടി സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന് കൂടുതൽ സാധ്യതകൾ തുറക്കും. കെ.എസ്.ഇ.ബിയുടെ വിതരണ-അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്നത്. കേരളത്തിന്റെ തൊഴിൽ, വിദ്യാഭ്യാസ സാമൂഹിക, ആരോഗ്യ രംഗങ്ങളെ ഏറെ സ്വാധീനിക്കുന്നതാണ് കെ-ഫോൺ പദ്ധതി. പദ്ധതി ഉയർന്ന പഠന നിലവാരം, തൊഴിൽ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നിവക്ക് വളരെയധികം പ്രയോജനകരമാകും. ആധുനിക കാലഘട്ടത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ഡിജിറ്റൽ സമത്വത്തിലൂന്നി വിജ്ഞാനസമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുവെയ്പാണ് കെ ഫോൺ.