SC/ST Startup City project to guide entrepreneurs

എസ്‌.സി./എസ്‌.ടി. സംരംഭകർക്ക് വഴികാട്ടാൻ സ്റ്റാർട്ടപ്പ് സിറ്റി പദ്ധതി

പട്ടികജാതി-പട്ടികവർഗ (എസ്‌.സി.-എസ്‌.ടി.) സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പ് മിഷനും (കെ.എസ്‌.യു.എം.) ഉന്നതിയും സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് സ്റ്റാർട്ടപ്പ് സിറ്റി. എസ്‌.സി.-എസ്‌.ടി. വിഭാഗത്തിൻറെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനായി സ്റ്റാർട്ടപ്പുകളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളും പദ്ധതികളും ആവിഷ്കരിക്കുക, മികച്ച സംരംഭകരെ കണ്ടെത്തുക, സാങ്കേതിക സേവനങ്ങൾ പ്രയോജനപ്പെടുത്തി സംരംഭങ്ങൾ മെച്ചപ്പെടുത്തുക, സംരംഭങ്ങൾ ആരംഭിക്കുന്നതിനോ വിപുലീകരിക്കുന്നതിനോ താത്പര്യമുള്ള സംരംഭകർക്ക് സഹായം ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്‌ഷ്യം. സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക സഹായം, വിദഗ്ദോപദേശം, പരിശീലനം തുടങ്ങിയവ പദ്ധതിയിലൂടെ ഉറപ്പാക്കും.

ഐ.ടി., ഇലക്ട്രോണിക്സ്, കൃഷി, വിനോദസഞ്ചാരം, പൊതുസേവനം തുടങ്ങിയ മേഖലകളിൽ പിന്നാക്ക വിഭാഗങ്ങളിലെ സംരംഭകർക്ക് ഇൻകുബേഷൻ സൗകര്യങ്ങളും പിന്തുണയും നൽകും. മികച്ച തൊഴിൽ ഇടങ്ങൾ, അതിവേഗ ഇൻറർനെറ്റ് കണക്റ്റിവിറ്റി, ഉത്പ്പാദനക്ഷമമായ തൊഴിൽ അന്തരീക്ഷത്തിനായുള്ള സൗകര്യങ്ങൾ തുടങ്ങിയവ വികസിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പ് സിറ്റി സഹായകരമാകും.

മികച്ച പ്രവർത്തനം, ഏകീകൃത ബ്രാൻഡിംഗ്, വിപണനം, വിൽപ്പന എന്നിവക്കായി സംരംഭകരുടെയും സഹകരണ സംഘങ്ങളുടെയും ഏകീകരണം, സഹകരണം, സംയോജനം എന്നിവയ്ക്ക് സ്റ്റാർട്ടപ്പ് സിറ്റി പ്രയോജനപ്പെടുത്താം. സ്റ്റാർട്ടപ്പ് സിറ്റിയിലൂടെ ബിസിനസിൻറെ കാര്യക്ഷമതയും വ്യാപ്തിയും വർധിപ്പിക്കാൻ സാധിക്കും.

നൈപുണ്യ-സംരംഭകത്വ വികസന പരിപാടികൾ, നേതൃത്വ ശിൽപശാലകൾ, മെൻറർഷിപ്പ്, നിക്ഷേപക സംഗമങ്ങൾ തുടങ്ങിയ പരിപാടികൾ പദ്ധതിയുടെ ഭാഗമായി നടത്തും. സ്റ്റാർട്ട് അപ്പ് സിറ്റിയുടെ ഭാഗമായി ഏതെങ്കിലും മേഖലയിൽ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് bit.ly/ksumstartupcity -ൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 0471 251 8274

office@unnathikerala.org
info@unnathikerala.org
unnathikerala.org

https://unnathikerala.org/entrepreneurship