വിദേശ തൊഴിൽ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, സംസ്ഥാന പട്ടികജാതി വികസന വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന “വിദേശ തൊഴിൽ വായ്പാ പദ്ധതി” യിൽ പരിഗണിക്കുന്നതിനായി പട്ടികജാതിയിൽപ്പെട്ട യോഗ്യരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ട അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരും ഏതെങ്കിലും വിദേശരാജ്യത്തെ അംഗീകൃത തൊഴിൽ ദാതാവിൽ നിന്ന് തൊഴിൽ നൽകുന്നതിന ഓഫർ ലെറ്റർ ലഭിച്ചിട്ടുള്ളവരും ആകണം. NORKA ROOTS, ODEPEC എന്നീ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് പദ്ധതിയിൽ മുൻഗണന നൽകും. അപേക്ഷകർ 18 നും 55 നും മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം 3,50,000 രൂപ അധികരിക്കരുത്. പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ട് ലക്ഷം രൂപയാണ്. അതിൽ ഒരു ലക്ഷം രൂപ വരെ അർഹരായവർക്ക് സബ്സിഡിയായി അനുവദിക്കും. അമ്പത് വയസ്സ് കവിയാത്തവരും രണ്ടര ലക്ഷം രൂപക്കുള്ളിൽ കുടുംബ വാർഷിക വരുമാനമുള്ളവരുമായ അപേക്ഷകർക്ക് മാത്രമേ സബ്സിഡിക്ക് അർഹതയുണ്ടായിരിക്കുകയുള്ളൂ. വായ്പയുടെ പലിശനിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്നു വർഷവുമാണ്. അപേക്ഷകർക്ക് വിദേശത്ത് തൊഴിൽ ചെയ്യുന്നതിനുള്ള വർക്ക് എഗ്രിമെന്റ്, വിസ, പാസ്പോർട്ട്, എമിഗ്രേഷൻ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ) എന്നിവ ലഭിച്ചിരിക്കണം. താൽപ്പര്യമുള്ള അപേക്ഷകർ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കുമായി കോർപ്പറേഷന്റെ അതാതു ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.