വികസന വഴികളിൽ ഒറ്റപ്പെടാതെ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിലൂടെ എല്ലാ തദ്ദേശീയരെയും കൈ പിടിച്ചുയർത്തുന്നതിനാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആഗസ്ത് 9 തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനമായി ലോകമെങ്ങും ആചരിക്കുന്നത്. 1994 മുതൽ യു എൻ സംഘടിപ്പിക്കുന്ന ദിനാചരണത്തിൽ ഈ വർഷത്തെ സന്ദേശം വളരെ കാലികവുമാണ്.
” പ്രകൃതി സംരക്ഷണത്തിലൂടെ തദ്ദേശ ജനതയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുക” എന്ന സന്ദേശത്തിലൂന്നിയാണ് ഇത്തവണ പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രകൃതിയും ആവാസ വ്യവസ്ഥയും വലിയ വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ മാനവരാശിയുടെ നിലനില്‍പ്പിനായി പരിസ്ഥിതിയെ സംരക്ഷിക്കാന്‍ തദ്ദേശ ജനതയോടൊപ്പം ലോകവും കൈകോര്‍ക്കേണ്ടതുണ്ട്.
തദ്ദേശീയ ജനതയടക്കം ഇന്ത്യയിലെ പട്ടിക – പിന്നാക്ക വിഭാഗക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അനുദിനം വർധിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും എല്ലാ പട്ടിക വിഭാഗക്കാർക്കും സാമൂഹ്യവും സാമ്പത്തികവുമായ നീതി ഉറപ്പാക്കാനായിട്ടില്ല. ഇവർക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും അനുദിനം വർധിക്കുന്നു. ചാതുർവർണ്യ വ്യവസ്ഥയിലേക്ക് രാജ്യത്തെ എത്തിക്കുകയെന്ന ലക്ഷ്യമുള്ള സംഘപരിവാറിൻ്റെ പിന്തുണ അതിക്രമങ്ങൾ നടത്തുന്നവർക്ക് ഭരണ സംരക്ഷണവും ഉറപ്പാക്കുകയാണിപ്പോൾ.
ഭരണഘടന ഉറപ്പുനൽകിയ സംവരണ അവകാശങ്ങളെല്ലാം വളഞ്ഞ വഴികളിലൂടെ ഇല്ലാതാക്കുന്നു. തസ്തികകൾ വെട്ടിക്കുറച്ചും കരാർ ജോലി വ്യാപകമാക്കിയുമാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംവരണാവകാശങ്ങളുടെ ചിറകരിയുന്നത്. ഇതുപോലെ തന്നെ വികസനത്തിൻ്റെ മറവിൽ കോർപറേറ്റ് താൽപര്യങ്ങൾക്കായി തങ്ങളുടെ ആവാസ വ്യവസ്ഥയിൽ നിന്നു പോലും പട്ടിക വിഭാഗക്കാരെ ആട്ടിയോടിക്കുകയാണ്. ഇതിനായി പരിസ്ഥിതി നിയമങ്ങൾ പോലും ഭേദഗതി ചെയ്തു.
ഈ സാഹചര്യത്തിലാണ് പട്ടിക പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പൊതു സമൂഹത്തിനൊപ്പം ‘ചേര്‍ത്തുനിര്‍ത്തുന്നതിനുംകേരളം നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാകുന്നത്. സാമ്പത്തികമായി വരിഞ്ഞു മുറുക്കി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ കേന്ദ്രം കിണഞ്ഞു ശ്രമിക്കുമ്പോഴും അരികുവൽക്കരിക്കപ്പെട്ടവർക്ക് താങ്ങും തണലുമാകുകയാണ് ഈ സർക്കാർ .
രാജ്യത്തെ പൊതുസ്ഥിതിയില്‍ നിന്ന് വ്യത്യസ്തമായി ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നീ മേഖലകളില്‍ ‘കേരളത്തിലെ തദ്ദേശീയരുടെ ജീവിതം ഏറെ മുന്നിലാണ്.
500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ പട്ടിക വര്‍ഗ്ഗക്കാരില്‍ നിന്നും നിയമിക്കുന്നതിന് തീരുമാനമെടുത്ത് PSC വഴി തെരഞ്ഞെടുത്ത്
അവരെ വനം വകുപ്പിന്റെ ഭാഗമാക്കിയത് എൽ ഡി എഫ് സർക്കാരിൻ്റെ തൊപ്പിയിലെ പൊൻതൂവലാണ്.
ഈ വിധത്തിൽ സാമൂഹ്യനീതിയിലൂന്നിയ വികസന പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ്ഗ മേഖലയുടെ മുന്നേറ്റത്തിന് കരുത്തേകുക തന്നെ ചെയ്യും.
ഒരു കുട്ടിപോലും കൊഴിഞ്ഞുപോകാതെ സ്കൂളില്‍ എത്തിക്കുന്നതിനുള്ള ഡ്രോപ്ഔട്ട് ഫ്രീ പദ്ധതിയും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനായി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളും, പഠന സൗകര്യത്തിനായി പ്രീമെട്രിക് ഹോസ്റ്റലുകളും, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും ഒരുക്കിയാണ് വകുപ്പ് കുട്ടികളെ സഹായിക്കുന്നത്. താമസിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് സ്കൂളിലെത്തിക്കുന്നതിന് പ്രത്യേക വാഹന സൗകര്യമൊരുക്കുന്ന വിദ്യാവാഹിനി പദ്ധതിയും ഫലപ്രദമായി നടപ്പാക്കിവരുന്നു. പ്രീമെട്രിക് , പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പും, വിദേശപഠന സൗകര്യവും പഠനത്തിന് ശേഷം സ്റ്റൈപ്പൻഡോടെ തൊഴില്‍ പരിശീലനവും നല്‍കുന്ന ട്രേസ് പദ്ധതിയും, പൈലറ്റ്, എയര്‍ ഹോസ്റ്റസ് അടക്കമുള്ള മേഖലകളിലെ പഠനവുമടക്കം സൗകര്യങ്ങളൊരുക്കിയാണ് നമ്മുടെ സംസ്ഥാനം പട്ടിക വിഭാഗ വിദ്യാര്‍ത്ഥികളെ ചേര്‍ത്തുപിടിക്കുന്നത്.
അടിസ്ഥാന രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള ABCD പദ്ധതി രാജ്യത്തിനു തന്നെ മാതൃകയാണ്. എല്ലാ തദ്ദേശീയ ജനങ്ങൾക്കും സ്വന്തമായ ഭൂമി എന്ന ലക്ഷ്യം തിരുവനന്തപുരം ജില്ല കൈവരിച്ചു കഴിഞ്ഞു. തദ്ദേശീയ ജനത ഏറെയുള്ള വയനാട്ടിലും പാലക്കാട് അട്ടപ്പാടിയിലുമൊക്കെ സർക്കാരിൻ്റെ ഇടപെടലുകൾ ഫലം കണ്ട് തുടങ്ങി. ആരോഗ്യ- അടിസ്ഥാന സൗകര്യ മേഖലകളിലുണ്ടായ മാറ്റങ്ങൾ ഇതിൻ്റെ സൂചനകളാണ്.
കേരളത്തില്‍ തദ്ദേശ ജനത മൊത്തം ജനസംഖ്യയുടെ 1.45 ശതമാനമേയുള്ളൂവെങ്കിലും ബജറ്റിലെ പദ്ധതി വിഹിതത്തിന്റെ 2.83 ശതമാനമാണ് ഈ മേഖലയിൽ ചിലവഴിക്കുന്നത്.
ജൈവശാസ്ത്രപരമായ ഭൂപ്രകൃതിയുടെ വൈവിധ്യം നിലനിർത്തുന്നതിൽ തദ്ദേശീയ ജനതയുടെ പങ്ക് വളരെ വലുതാണ്. ഈ ജനതയുടെ പാരിസ്ഥിതിക പരിജ്ഞാനവും ശേഷികളും പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നുണ്ട്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ ആശ്രയിക്കുന്നവർക്ക് പരിസ്ഥിതിനാശം പ്രത്യക്ഷമായും സമൂഹത്തിലെ പൊതുധാരയിലുള്ളവർക്ക് പരോക്ഷമായുമാണ് അനുഭവപ്പെടുക. വികസിത രാജ്യങ്ങള്‍ സൃഷ്ടിക്കുന്ന അമിതമായ കാർബൺ വികിരണം കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതു വഴി അതി തീവ്രമഴയ്ക്കും, മണ്ണിടിച്ചിലിലും പല മേഖലകളിലും ഉണ്ടാകുന്നതായാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ തദ്ദേശീയ ദിന സന്ദേശത്തിന്റെ പ്രസക്തിയിലേയ്ക്കാണ് വയനാട്ടിലെ ഉരുൾ പൊട്ടൽ ദുരന്തവും വിരല്‍ ചൂണ്ടുന്നത്.
പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ താളം തെറ്റിക്കാതെ, പരിസ്ഥിതി സൗഹാർദ്ദപരമായ വികസനമാണ് നടപ്പിൽ വരുത്തേണ്ടത്.
നല്ല പരിസ്ഥിതിയും നല്ല വ്യക്തികളും നല്ല സമൂഹവും ഉള്‍പ്പെട്ട ആവാസ വ്യവസ്ഥയും എല്ലാവർക്കും ലഭിക്കുന്നതിനായി നമുക്കോരോരുത്തര്‍ക്കും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കാം. ഈ തദ്ദേശീയ ദിനാചരണത്തിൻ്റെ സമകാലിക പ്രസക്തിയും അതു തന്നെയാണ്.