മെഡിക്കൽ/എൻജിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന ധനസഹായം
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പ്ലസ് വൺ പഠനത്തോടൊപ്പം മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്ന പദ്ധതി പ്രകാരം 2024-25 വർഷത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
2024 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ സയൻസ്, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ ബിപ്ലസിൽ കുറയാത്ത ഗ്രേഡ് ലഭിച്ചവരും, സിബിഎസ് സി/ഐസിഎസ് സി പരീക്ഷകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ പത്താംക്ലാസിൽ യഥാക്രമം എ2, എ ഗ്രേഡുകൾ ലഭിച്ചിട്ടുള്ളവരും കുടുംബ വാർഷിക വരുമാനം 6,00,000 രൂപയിൽ കവിയാത്തവരുമായ പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ/എൻജിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ ചേർന്ന് പഠിക്കുന്നതിന് ധനസഹായം അനുവദിക്കും. അർഹരായ വിദ്യാർത്ഥികൾ പൂരിപ്പിച്ച അപേക്ഷ, എസ്.എസ്.എൽ.സി/സിബിഎസ് സി/ഐസിഎസ് സി സർട്ടിഫിക്കറ്റ്, ജാതി/ വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, പരിശീലന സ്ഥാപനത്തിൽ ഫീസ് ഒടുക്കിയതിന്റെ രസീത് സഹിതം ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. പ്ലസ് ടു പരീക്ഷ എഴുതിയതിനു ശേഷം രണ്ട് മാസത്തെ ക്രാഷ് കോഴ്സിന് ചേരുന്നവരെയും വിഷൻ പദ്ധതിയ്ക്കായി പരിഗണിക്കും.