Those who passed nursing and para medical courses were appointed in the special scheme

പ്രത്യേക പദ്ധതിയിൽ നഴ്സിങ് , പാരാ മെഡിക്കൽ കോഴ്സുകൾ പാസായവർ നിയമിതരായി

പട്ടിക വിഭാഗം ഉദ്യോഗാർത്ഥികൾക്ക് വിവിധ സർക്കാർ മേഖലകളിൽ ഹോണറേറിയത്തോടെ തൊഴിൽ പരിശീലനവും ഇന്റേൺഷിപ്പും നൽകുന്ന പ്രത്യേക പദ്ധതിയിൽ നഴ്സിങ് , പാരാ മെഡിക്കൽ കോഴ്സുകൾ പാസായവർ നിയമിതരായി. 2 വർഷത്തേക്ക് 400 പേർക്കാണ് തുടക്കത്തിൽ നിയമനം.
തിരുവനന്തപുരം ജില്ലയിലെ നിയമന ഉത്തരവ് ഉദ്യോഗാർത്ഥികൾക്ക് കൈമാറി.

ട്രെയിനിംഗ് ഫോർ കരിയർ എക്സലൻസ് (ട്രേസ്) എന്ന പേരിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ നിലവിൽ എഞ്ചിനീയർ, സോഷ്യൽ വർക്കർ, തുടങ്ങി ആയിരത്തോളം പേർ പരിശീലനം നേടിവരുന്നുണ്ട്.
ഇതിനൊപ്പമാണ് നഴ്സിംഗ്, പാരാമെഡിക്കൽ യോഗ്യതയുള്ളവരെയും നിയമിക്കുന്നത്. പാലക്കാട്, തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം എന്നീ 5 ജില്ലകളിലെ ജനറൽ താലൂക്ക് ആശുപത്രികൾ, കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ, പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലാണ് നിയമനം. 300 പേരെ അപ്രൻ്റീസ് നഴ്സായും 100 പേരെ പാരാമെഡിക്കൽ അപ്രൻ്റീസായും നിയമിക്കുന്നു.
തിരുവനന്തപുരം ജില്ലയിൽ 68 പേർക്ക് നിയമന ഉത്തരവ് കൈമാറി.

സർക്കാർ സംവിധാനത്തിൽ പ്രവർത്തിക്കുന്നതുവഴി പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിൽ പരിചയവും നൈപുണ്യവും ലഭിക്കുക എന്നതാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ടി പരിശീലനത്തിനുശേഷം സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും നൽകും. ഇതുപയോഗിച്ച് വിവിധ സർക്കാർ / സ്വകാര്യ / വിദേശ മേഖലകളിൽ മികച്ച സ്ഥിര നിയമനത്തിന് പട്ടിക വിഭാഗക്കാരായ യുവജനങ്ങൾക്ക് സാധിക്കും.

BSC നഴ്സിങ്ങ് കഴിഞ്ഞവർക്ക് 18, 000 , ജനറൽ നഴ്സിങ്ങിന് 15000, പാരാ മെഡിക്കലിന് 12000 എന്നിങ്ങനെയാണ് ഹോണറേറിയം നൽകുന്നത്.