Submission - Ambedkar to constitute technical committee for rural development projects

സബ്മിഷൻ – അംബേദ്കർ ഗ്രാമവികസന പദ്ധതികൾക്ക് ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കും

അംബേദ്കർ ഗ്രാമവികസന പദ്ധതികൾക്ക് വിവിധ ഭരണാനുമതി നൽകുന്നതിന് സാങ്കേതിക വിദഗ്‌ധരെ കൂടി ഉൾപ്പെടുത്തി ജില്ലാതല ടെക്നിക്കൽ കമ്മിറ്റി രൂപീകരിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന മന്ത്രി ഒ ആർ കേളു നിയമസഭയെ അറിയിച്ചു.
കമ്മിറ്റിയുടെ ശുപാർശകളിൽ പ്രവൃത്തികളുടെ ഭരണാനുമതി നൽകുന്നതിന്
ജില്ല കളക്ടറെ ചുമതലപ്പെടുത്തുന്നതിനുമുളള നടപടികൾ സ്വീകരിച്ചുവരുന്നതായും വി ജോയി എം എൽ എ യുടെ സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

അംബേദ്കർ ഗ്രാമ വികസന പദ്ധതിക്ക് നിലവിൽ നിശ്ചയിച്ചിട്ടുള്ള 25 പട്ടികജാതി/പട്ടികവർഗ്ഗ കുടുംബങ്ങൾ ലഭ്യമാകാത്ത നഗറുകളിൽ തൊട്ടടുത്തുള്ള നഗറുകളെക്കൂടി ഉൾപ്പെടുത്തി ക്ലസ്റ്ററുകളാക്കും. 15 വീടുകൾവരെയുള്ള നഗറുകളേയും ഈ പദ്ധതിയുടെ ഭാഗമായി അടങ്കൽതുകയിൽ മാറ്റംവരുത്തി ഏറ്റെടുക്കുന്നതിനും ധാരണയായിട്ടുണ്ട്.

അക്രഡിറ്റഡ് ഏജൻസികളുടെ 3 കോടി രൂപവരെയുള്ള മരാമത്തു പ്രവൃത്തികൾക്ക് 7% നിരക്കിൽ centage ചാർജും ഒരു കോടി രൂപയിൽ താഴെ 8% നിരക്കിൽ centage ചാർജും 18% നിരക്കിൽ GSTയും നൽകേണ്ടതുണ്ട്. ആയത് ഒഴിവാക്കുന്നതിനായി വ്യക്തിഗത ആനുകൂല്യങ്ങളായ ഭവന പുനരുദ്ധാരണം, ഓരോ വീടുകളിലും വൈദ്യുതി, കുടിവെള്ള കണക്ഷൻ, ടോയ്‌ലറ്റ് എന്നിവയ്ക്ക് മുൻഗണന നൽകുന്നതിനും മുതിർന്ന അംഗങ്ങളുള്ള വീടുകളിലെ ലാട്രിനുകളിൽ യൂറോപ്യൻ ക്ലോസറ്റും, കൈപ്പിടി അടക്കമുള്ള മാറ്റങ്ങൾ വരുത്തുന്നതിനും ഇത്തരം വ്യക്തിഗത ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് നേരിട്ട് ഏറ്റെടുത്ത് നടത്തുന്നതിന് താൽപര്യം ഉണ്ടെങ്കിൽ നഗറുകളിലെ മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം നൽകുന്നതിനും ആയതിനായി ഗുണഭോക്താക്കൾക്ക് അഡ്വാൻസ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നും മന്ത്രി ഒ ആർ കേളു അറിയിച്ചു. വിവിധ ജിലുകളിൽ പൂർത്തിക്കാക്കിയ അവലോകന യോഗങ്ങളിലെ നിർദ്ദേശങ്ങളും പരിഗണിച്ചാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ മാനദണ്ഡങ്ങൾ സമഗ്രമായി പരിഷ്ക്കരിക്കുന്നത്.