Civil service success through Lakshya scholarship: Minister pays tribute to G Kiran

ലക്ഷ്യ സ്കോളർഷിപ്പിലൂടെ സിവിൽ സർവീസ് വിജയം: ജി കിരണിന് മന്ത്രിയുടെ ആദരം

സിവിൽ സർവീസ് പരീക്ഷയിൽ 835-ാം റാങ്ക് നേടിയ ജി കിരണിനെ പട്ടികജാതി – പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ആദരിച്ചു. പട്ടികജാതി വികസന വകുപ്പ് സിവിൽ സർവീസ് പരിശീലനത്തിനായി നടപ്പാക്കുന്ന ‘ലക്ഷ്യ’ സ്‌കോളർഷിപ്പ് നേടിയാണ് കിരൺ പഠിച്ചത്.

കൂടുതൽ പട്ടിക വിഭാഗം വിദ്യാർഥികളെ സിവിൽ സർവീസിലെത്തിക്കുന്നതിനായി ലക്ഷ്യ സ്‌കോളർഷിപ്പ് വിപുലമാക്കുമെന്നും കിരണിന്റെ വിജയം കൂടുതൽ പേർക്ക് പ്രചോദനമാകട്ടെയെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം പരശുവയ്ക്കൽ സ്വദേശിയായ കിരൺ അഞ്ചാം ശ്രമത്തിലാണ് മെയിൻ ലിസ്റ്റിൽ ഇടം പിടിച്ചത്. നെയ്യാറ്റിൻകര പരശുവയ്ക്കൽ നെടുമ്പഴഞ്ഞി ജി എൻ ഭവനിൽ ഗോപി-ലളിത ദമ്പതികളുടെ മകനാണ്. സഹോദരൻ: ലിധിൻ. തപാൽ സർവീസിലെ ജോലി രാജിവെച്ച ശേഷമാണ് പൂർണമായും സിവിൽ സർവീസ് പഠനത്തിലേക്ക് തിരിഞ്ഞത്.

ലക്ഷ്യ സ്‌കോളർഷിപ്പിലൂടെ iLearn എന്ന സ്ഥാപനത്തിലായിരുന്നു പരിശീലനം. പട്ടികജാതിക്കാർക്ക് കേരളത്തിലെവിടെയും പട്ടിക വർഗക്കാർക്ക് ഇന്ത്യയിലെവിടെയും സിവിൽ സർവീസിന് പഠിക്കാവുന്ന പദ്ധതിയാണ് ‘ലക്ഷ്യ’. മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനും അഭിമുഖത്തിനുമുള്ള ചെലവുകളും വകുപ്പ് വഹിക്കും.