കായിക-വിദ്യാഭ്യാസ മേഖലകളിൽ വിദ്യാർത്ഥികൾ മുന്നേറുന്നു
ജില്ലയിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ വിദ്യാർത്ഥികളും കായിക-വിദ്യാഭ്യാസ മേഖലകളിൽ മുന്നേറുകയാണെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു.
കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും എൻഡോവ്മെന്റ് വിതരണവും കേരള ഗ്രാമീൺ ബാങ്ക് പഠന ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ശാരീരികക്ഷമത കൈവരിക്കാൻ കായിക മേഖലയിൽ പൂർണ പിന്തുണയും മാനസികമായ സന്തോഷവും അധ്യാപകർ നൽകണമെന്നും മന്ത്രി പറഞ്ഞു.
അഞ്ചാം ക്ലാസ് മുതൽ പത്ത് വരെയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട, പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് കേരള ഗ്രാമീൺ ബാങ്ക് കാട്ടിക്കുളം ശാഖ പഠന ധനസഹായം വിതരണം ചെയ്തു. യുപി വിഭാഗം വിദ്യാർത്ഥികൾക്ക് 3000 രൂപയും ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് 5000 രൂപയുമാണ് നൽകിയത്.
എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മന്ത്രി ആദരിച്ചു. സ്പെഷൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായ ആൽബം റീലീസ് മന്ത്രി നിർവഹിച്ചു. പനമരം ചുണ്ടക്കുന്ന് അബേദ്ക്കർ ഗ്രാമവികസന പദ്ധതി മന്ത്രി കേളു പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പനമരം ഗ്രാമപഞ്ചായത്തിലെ ചുണ്ടക്കുന്ന് ഉന്നതിയിൽ ഒരു കോടി രൂപയുടെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു.