Fitness Assessment Campaign

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളുടെ കായികക്ഷമത അളക്കുന്നതിനുള്ള ഫിറ്റ്‌നസ് അസസ്‌മെന്റ് കാമ്പയിൻ ആരംഭിക്കുന്നു.
കായിക വകുപ്പിന് കീഴിൽ ആരംഭിക്കുന്ന പരിപാടിയിൽ വിദ്യാർഥികളുടെ ആരോഗ്യവും കായികക്ഷമതയും പരിശോധിക്കുന്നതിനൊപ്പം ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ആറു മുതൽ 12വരെയുള്ള ക്ലാസുകളിൽ നിന്നായി 12നും 17നും ഇടയിൽ പ്രായമുള്ള പതിനായിരം കുട്ടികളായിരിക്കും ആദ്യഘട്ടത്തിലെ ഗുണഭോക്താക്കൾ. കായിക യുവജനക കാര്യാലയത്തിനും പൊതു വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് വകുപ്പിനും പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പുകൾക്കും കീഴിൽ വരുന്ന തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് ആദ്യഘട്ട കാമ്പയിൻ.
വിദ്യാർഥികളുടെ ശാരീരികക്ഷമത പരിശോധിക്കാനുള്ള സംവിധാനങ്ങൾ സജ്ജീകരിച്ച 5 ബസുകൾ സംസ്ഥാനത്തെ 14 ജില്ലകളിലായി പര്യടനം നടത്തും. ഓരോ ബസിലും പ്രതിദിനം 200 കുട്ടികളെ വീതം പരിശോധിക്കും.
വിദ്യാർഥികളുടെ കരുത്തും, മെയ്‌വഴക്കവും വേഗതയുമെല്ലാം നിർണയിക്കുന്ന 13ഓളം പരിശോധനകൾ ഉപകരണങ്ങളുടെ സഹായത്തോടെ നടപ്പാക്കും. ശാരീരിക ശേഷി പരിശോധിക്കുന്നതിനുള്ള യോ-യോ ടെസ്റ്റ്, പ്ലാങ്ക്, സ്‌കൗട്ട്, മെഡിസിൻ ബോൾ ത്രോ, പുഷ് അപ്‌സ് എന്നീ പരീക്ഷണങ്ങളും മെയ്‌വഴക്കവും ശരീര തുലനാവസ്ഥയും അളക്കാനുള്ള പരിശോധനകളുമാണ് നടത്തുക.
പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും അവരെ ഏറ്റവും അനുയോജ്യമായ കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനും പരിശോധനകളിലൂടെ സാധിക്കും. ഒപ്പം ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയിൽ പരിശീലനവും വ്യായാമവും ഭക്ഷണവും ക്രമീകരിക്കാനും സാധിക്കും. ബസുകളുടെ പര്യടനം മാർച്ച് ഒൻപതുവരെ നീളും.

ഫിറ്റ്‌നസ് ബസ് ആദ്യമെത്തുന്നത് വലിയതുറ ജിആർഎഫ്ടി ആൻഡ് വിഎച്ച്എസ്എസിൽ

ഫിറ്റ്‌നസ് അസസ്‌മെന്റ് കാമ്പയിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയ ബസ് ആദ്യം എത്തുക തിരുവനന്തപുരം വള്ളക്കടവിലെ വലിയതുറ ജിആർഎഫ്ടി ആൻഡ് വിഎച്ച്എസ്എസിൽ. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സ്‌കൂളിലെ കുട്ടികളുടെ പരിശോധന ആരംഭിക്കുക. വെള്ളിയാഴ്ച വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലും, 25 ന് കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ എംആർഎസിലും ബസ് എത്തിച്ചേരും. 26, 27 തിയതികളിൽ ജി.വി. രാജ സ്‌പോർടസ് സ്‌കൂളിലും കുറ്റിച്ചൽ ജി. കാർത്തികേയൻ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലുമാണ് എത്തുക. 28ന് ഞാറനീലി അംബേദ്കർ വിദ്യാനികേതൻ സിംബി.എസ്.സി സ്‌കൂളിലെ പരിശോധനയോടെ ജില്ലയിലെ പര്യടനം സമാപിക്കും.