Free membership for Scheduled Castes and Scheduled Tribes students in libraries

വായനാശീലവും സാംസ്കാരിക അഭിരുചികളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിലിന് കീഴിലെ വായനശാലകളിൽ പട്ടികജാതി പട്ടികവർഗ വിഭാഗം വിദ്യാർഥികൾക്ക് സൗജന്യ അംഗത്വം. ഇതിനായി പ്രൊമോട്ടർമാർ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കണം. ലൈബ്രറി സൗകര്യം ഇല്ലാത്ത മേഖലകളിൽ കമ്മ്യൂണിറ്റി റീച് ഔട്ട് രീതിയിൽ ലൈബ്രറി കൗൺസിലിന്റെ സഹായത്തോടെ വായനശാലകൾ ആരംഭിക്കും.

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള 54 സാമൂഹ്യ പഠനമുറികളിൽ പുസ്തകശേഖരം ഉറപ്പാക്കും. പട്ടികജാതി വികസന വകുപ്പിൽ പ്രവർത്തിച്ചു വരുന്ന 210 വിജ്ഞാനവാടികളിലെ ലൈബ്രറികൾ വിപുലീകരിക്കും. വിജ്ഞാനവാടികളിൽ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ എല്ലാ മാസവും ഇവൻറ് കലണ്ടർ തയാറാക്കുകയും പുസ്തകവായന, ചർച്ചകൾ, എഴുത്തുകാരുമായുള്ള സംവാദം, പുസ്തക രചന കളരികൾ, പൊതുവിജ്ഞാന ക്ലാസുകൾ, പി എസ് സി പരീക്ഷ പരിശീലനം, തുടങ്ങിയവ സംഘടിപ്പിക്കും.

നിലവിൽ കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങളുള്ള ഇടങ്ങളിൽ ഓൺലൈൻ ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കും. വകുപ്പ് വിർച്വൽ ക്ലാസ് റൂം സൗകര്യം ഒരുക്കുന്ന കെട്ടിടങ്ങൾ ഇത്തരത്തിൽ പരിവർത്തനം ചെയ്യും. വരുന്ന ഒരു വർഷത്തിനുള്ളിൽ പദ്ധതി സാക്ഷാത്ക്കരിക്കും.