ഉന്നത തല യോഗം വിളിച്ചു ചേർത്ത് മന്ത്രിമാരായ വി ശിവൻകുട്ടിയും കെ രാധാകൃഷ്ണനും
പട്ടിക ജാതി – വർഗ വിദ്യാർത്ഥികളുടെ സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാൻ സമഗ്ര പദ്ധതി തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ,പട്ടിക ജാതി-വർഗ-പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പുകൾ;ഉന്നത തല യോഗം വിളിച്ചു ചേർത്ത് മന്ത്രിമാരായ വി ശിവൻകുട്ടിയും കെ രാധാകൃഷ്ണനും*
പട്ടിക ജാതി – വർഗ വിദ്യാർത്ഥികളുടെ സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയാൻ സമഗ്ര പദ്ധതി തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ, പട്ടികജാതി -വർഗ -പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പുകൾ. ഇതിന്റെ ആദ്യപടിയായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും പട്ടികജാതി- വർഗ- പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ എ എസ്, പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടർ എം ജി രാജമാണിക്യം ഐ എ എസ് അടക്കമുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
സ്കൂളുകളിലേക്ക് വരാതിരിക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ വീടുകളിൽ ചെന്ന് രക്ഷിതാക്കളെ ബോധവൽക്കരിച്ച് കുട്ടികളെ സ്കൂളിൽ എത്തിക്കാനുതകുംവിധമുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടത്തുക. സമഗ്ര ശിക്ഷാ കേരളം,മഹിളാ സമഖ്യ തുടങ്ങിയ സർക്കാർ ഏജൻസികളുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥർ, തദ്ദേശഭരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സഹായത്തോടെയാകും പ്രവർത്തനങ്ങൾ.
മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഇവിടങ്ങളിൽ ടീച്ചർമാരെ നിയമിക്കുമ്പോൾ സെലക്ഷൻ നടപടികൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. സാക്ഷരതാ മിഷന്റെ സേവനങ്ങളും പ്രയോജനപ്പെടുത്തും. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പ്രചാരണം സംഘടിപ്പിക്കാനും തീരുമാനമായി. പട്ടികജാതി- വർഗ – പിന്നാക്ക ക്ഷേമ വകുപ്പിനു കീഴിലുള്ള ഐ ടി ഐകളിൽ കോഴ്സുകൾ പുന:സംഘടിപ്പിക്കാനും നടപടിയുണ്ടാകും.