വിവിധ കാരണങ്ങളാൽ പൂർത്തീകരണത്തിലേയ്ക്ക് എത്തപ്പെടാത്ത വീടുകളിൽ താമസിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്ക് അടച്ചുറപ്പുള്ളതും പൂർണ്ണ സുരക്ഷിതത്വത്തോടു കൂടിയതുമായ ഭവനങ്ങൾ ഉറപ്പുവരുത്തുന്നതിന് 2022-23 സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയായിരുന്നു സേഫ് (SAFE – Secure Accommodation & Facility Enhancement).

മേൽക്കുര ബലപ്പെടുത്തൽ, പ്ലാസ്റ്ററിംഗ്, പ്ലംബിംഗ്, വയറിംഗ് തുടങ്ങിയവയ്ക്കായി 4 ഘട്ടങ്ങളിലായി പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്ക് യഥാക്രമം 2 ലക്ഷം, 2.5 ലക്ഷം എന്നിങ്ങനെയാണ് സേഫ് പദ്ധതിയിൽ തുക അനുവദിച്ചു വരുന്നത്. പദ്ധതി നടപ്പിലാക്കി ആദ്യ സാമ്പത്തികവർഷം പൂർത്തിയാകുമ്പോൾ തന്നെ 8000 ഭവനങ്ങൾ പൂർത്തീകരണത്തിലേയ്ക്ക് അടുക്കുകയാണ്.

സംസ്ഥാന സർക്കാർ ഭവനരഹിതരില്ലാത്ത നവകേരളം എന്ന ലക്ഷ്യത്തിലേയ്ക്ക് അതിവേഗം മുന്നേറുമ്പോൾ, പിന്നാക്ക ജനവിഭാഗങ്ങൾക്ക് പൂർണ്ണ സുരക്ഷിതത്വവും, മേന്മയുള്ളതുമായ വീടുകൾ ഉറപ്പു വരുത്തുക എന്നതാണ് സേഫ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവർക്കും ക്ഷേമം എന്ന വികസന ബദൽ കാഴ്ചപ്പാട് സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർക്ക് എത്രത്തോളം പ്രയോജനപ്രദമാകുന്നുവെന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് സേഫ് പദ്ധതി.