വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച ഓഫീസുകളുടെ ഉദ്ഘാടനവും പി എം എ വൈ ആവാസ് പ്ലസ് പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽദാനവും നടന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഓഫീസുകളുടെ സേവനം ഇനിമുതൽ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ തന്നെ ലഭ്യമാകും. പുതിയതായി പ്രവർത്തനം ആരംഭിക്കുന്ന ഓഫീസുകളിൽ 53.90 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ലിഫ്റ്റ് സൗകര്യത്തോടു കൂടിയ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസും 12.02 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വനിത ശിശു വികസന പദ്ധതി ഓഫീസും 12.01 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ക്ഷീരവികസന ഓഫീസുമാണ് ഉള്ളത്.
പി എം എ വൈ അവാസ് പ്ലസ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ രമ്യാ നിഷാന്ത്, വരവൂർ ഗ്രാമപഞ്ചായത്ത് വാർഡ് എട്ടിലെ ആരിഫ ബഷീർ പടലക്കോട്ടിൽ, മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പെരുമത്ത് വീട്ടിൽ രതീഷ് പ്രതിഭ, ദേശമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 11 ലെ കൊലവൻ വീട്ടിൽ അമ്മു, തെക്കുംകര ഗ്രാമപഞ്ചായത്ത് വാർഡ് 15 ലെ ലീല കുട്ടൻ താണിക്കൽ തുടങ്ങിയ ഗുണഭോക്താക്കൾക്ക് ഭവനങ്ങളുടെ താക്കോൽ കൈമാറി.